മണ്ണാർക്കാടിന്റെ ചരിത്രം

പണ്ട് ഇവിടെ ഭരിച്ചിരുന്ന മാന്നാൻ‌മാരിൽ നിന്ന്, അല്ലെങ്കിൽ മണ്ണാർക്കാട് നായർ വീട്ടിൽ നിന്ന് ആണ് മണ്ണാർക്കാട് എന്ന പേരുവന്നത്. അധികാരവർഗ്ഗത്തെ സ്ഥലത്തെ ആദിവാസികൾ മാന്നാൻ‌മാർ എന്നു വിളിച്ചിരുന്നു. രാജാവായിരുന്ന വള്ളുവക്കോനാതിരിയും മന്നൻ എന്ന് അറിയപ്പെട്ടിരുന്നു.മറ്റൊരു അഭിപ്രായം തമിഴ് ചെട്ടിയാര്‍മാരും, മണ്ണാര്‍ക്കാട് മുപ്പില്‍നായരും അലക്കുജോലിക്കായിതമിഴ്നാട്ടില്‍നിന്നും വണ്ണാരെ കൊണ്ടുവന്നു എന്നും അങ്ങനെ ഈ സ്ഥലം വണ്ണാര്‍ക്കാട് (അന്ന് ഇവിടം കാടുകള്‍കൊണ്ട് സമൃദ്ധമായിരുന്നു) എന്നറിയപ്പെടുകയും കാലക്രമേണ വണ്ണാര്‍ക്കാട്, മണ്ണാര്‍ക്കാടായി മാറി എന്നും പറയപ്പെടുന്നു. മലബാര് മാന്വലില് മണ്ണാര്‍ക്കാടിന് വീണാര്‍ക്കര് എന്നു പേരുള്ളതായി കാണാം(പേജ് 524, 1985 എഡിഷന്). മറ്റൊരു അഭിപ്രായം മണ്ണും ആറും കാടും ചേരുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ മണ്ണാര്‍ക്കാട്‌ എന്ന നാമം ലഭിച്ചു.

 Mannarkkad

മണ്ണാർക്കാടിന്റെ മനോഹാരിത

മണ്ണാർക്കാടിന്റെ ഭൂപ്രകൃതി മലകളും കുന്നുകളും താഴ്വരകളും സമതലങ്ങളും നദികളും തോടുകളും കൊണ്ട് വൈവിധ്യവും സമ്പന്നവുമാണ്. 90 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സൈലന്റ് വാലി ദേശീയോദ്യാനം വടക്ക് നീലഗിരി പീഠഭൂമിയിലേക്ക് പൊടുന്നനെ ഉയർന്ന് തെക്ക് മണ്ണാർക്കാട് സമതലങ്ങളെ അഭിമുഖീകരിക്കുന്നു. കുന്ധി നദി മുകളിലെ നീലഗിരി കുന്നുകളിൽ നിന്ന് ഇറങ്ങി, 2000 മീറ്റർ ഉയരത്തിൽ താഴ്‌വരകളുടെ മുഴുവൻ നീളവും സഞ്ചരിച്ച് ആഴത്തിലുള്ള മലയിടുക്കിലൂടെ സമതലങ്ങളിലേക്ക് ഒഴുകുന്നു. ചില അപൂർവയിനം സസ്യജന്തുജാലങ്ങളുള്ള സൈലന്റ് വാലി ( സൈരന്ധ്രി വനം) ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം ഉയർത്തുന്നു. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളെ സംരക്ഷിക്കുന്നതിനായി 1984-ൽ സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.

 Mannarkkad
പുതിയ വാർത്തകൾ

മണ്ണാർക്കാട് നഗരസഭയിലേക്ക് സ്വാഗതം

പാലക്കാട് ജില്ലയിൽ അട്ടപ്പാടി മലനിരകളോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് മണ്ണാർക്കാട്. കുന്തിപ്പുഴയും നെല്ലിപ്പുഴയും രണ്ട് പ്രവേശന കവാടങ്ങളായുള്ള മണ്ണാർക്കാട് പട്ടണം പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്.
പാലക്കാട് നിന്നും ദേശിയപാത 966 വഴി 40 കി.മി സഞ്ചരിച്ചാൽ മണ്ണാർക്കാട് നഗരത്തിലെത്താം. സൈലന്റ് വാലി ദേശിയോദ്യാനം, അട്ടപ്പാടി മലനിരകൾ എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് മണ്ണാർക്കാട്.വിനോദസഞ്ചാരഭൂപടത്തിൽ ഒളിഞ്ഞുകിടക്കുന്നതും ആവശ്യമായ പ്രാധാന്യം ലഭിക്കാത്തതുമായ ധാരാളം പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് ഇത്. മാപ്പിളലഹള ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരു പ്രധാന ഏടുകൂടിയാണ് ഇവിടം.നിശബ്ദ താഴ്‌വരയിലെ മനോഹരമായ വനം, ഉഷ്ണമേഖലാ മഴക്കാടുകളുടെ സവിശേഷമായ സംരക്ഷണം, ഏതാണ്ട് തകർക്കപ്പെടാത്ത പാരിസ്ഥിതിക ചരിത്രവും കുന്തി നദിയും അതിന്റെ സ്‌ഫടികസങ്കാശമായതും വറ്റാത്തതും വന്യവുമായ വെള്ളവും മണ്ണാർക്കാടിന്റ്റെ മാറ്റ് കൂട്ടുന്നു. മണ്ണാർക്കാട് 'മണ്ണാർഗാട്ട്' എന്നായിരുന്നു പണ്ട് അറിയപ്പെട്ടിരുന്നത്. മണ്ണ്, ആറ്, കാട് എന്നിവയുടെ ഒരു കൂടിച്ചേരലാണ് മണ്ണാർക്കാട് എന്ന സ്ഥലനാമത്തിനു പിന്നിലെന്ന് പറയപ്പെടുന്നു.

കൂടുതൽ വായിക്കുക
 Mannarkkad

വിസ്തീർണ്ണം

33.01 km2

ജനസംഖ്യ

384393

വാർഡുകൾ

22

സാക്ഷരത

88.79%

നഗരസഭ സേവനങ്ങൾ

മണ്ണാർക്കാട് നഗരസഭയിലെ സേവനങ്ങൾ

മണ്ണാർക്കാട് പൂരം

വള്ളുവനാട്ടിലെ പൂരപ്പൊലിമയിൽ മാറ്റ് കുറക്കാതെ മണ്ണാർക്കാട് പൂരം ഭക്ത മനസ്സുകളിൽ സ്ഥാനം പിടിച്ചു. മണ്ണും ആറും കാടും ചേർന്നുകിടക്കുന്ന ചരിത്രമുറങ്ങുന്ന മണ്ണ്. ഐതിഹ്യമുറങ്ങുന്ന കുന്തിപ്പുഴയും പാത്രക്കടവും മണ്ണാർക്കാടിന് സ്വന്തം. ടിപ്പുസുൽത്താൻ്റെ ആക്രമണം കൊണ്ടും മാപ്പിളലഹളയുടെ ഓർമ്മകൾകൊണ്ടും ചരിത്ര പ്രധാനമുള്ള നാട്. വേനൽക്കാലം! വേലകളുടെയും പൂരങ്ങളുടെയും കാലം.മണ്ണാർക്കാട് പൂരം, പരിയാനമ്പറ്റ പൂരം, ചിനക്കത്തൂർ പൂരം, അങ്ങാടിപ്പുറം പൂരം എന്നിങ്ങനെ പൂരങ്ങൾ നിരവധി. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം വേറെയും ! കുന്തിപ്പുഴയുടെ ഐതിഹ്യമുറങ്ങുന്ന തീരത്ത് സ്ഥിതിചെയ്യുന്ന, അരകുർശ്ശി കാവിലാണ് പേരുകേട്ട "മണ്ണാർക്കാട് പൂരം" നടക്കാറുള്ളത്. ദ്രാവിഡ സംസ്കാരത്തിൻറെ ഓർമകളായി നിലനിൽക്കുന്ന കാവുകളിൽ ഏറെ പ്രശസ്തി അണ്ണൂറ് വർഷത്തിലേറെക്കാലമായ് നിലകൊള്ളുന്ന അരകുർശ്ശി കാവിനു തന്നെയാണ്.

കൂടുതൽ വായിക്കുക
 Mannarkkad

കൽപാത്തി രഥോത്സവം

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽ‌പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷീസമേത ശ്രീ വിശ്വനാഥസ്വാമിക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പരബ്രഹ്മമൂർത്തിയായ കാശി വിശ്വനാഥപ്രഭുവും (പരമശിവൻ) ഭഗവാന്റെ പത്നിയും ആദിപരാശക്തിയുമായ വിശാലാക്ഷിയും (ശ്രീപാർവ്വതി) ആണ്. ശ്രീ ലക്ഷ്മീനാരായണപ്പെരുമാൾ (മഹാവിഷ്ണു), മന്തക്കര മഹാഗണപതി തുടങ്ങി ഗ്രാമത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മൂർത്തികളും ഈ രഥോത്സവത്തിൽ പങ്കെടുക്കാറുണ്ട്.എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക.

കൂടുതൽ വായിക്കുക
 Mannarkkad

ചിനക്കത്തൂർ പൂരം

കേരളത്തിലെ വർണശബളമായ ക്ഷേത്രോത്സവങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു ചിനക്കത്തൂർ പൂരം. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പാലപ്പുറത്താണ് ചിനക്കത്തൂർ ഭഗവതി ക്ഷേത്രം. എല്ലാ വർഷവും മലയാള മാസം കുംഭത്തിൽ മകം നക്ഷത്രത്തിൽ ആഘോഷിക്കുന്ന പൂരത്തിനു കേരളത്തിലെ നാനാ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ചിനക്കത്തൂരിൽ എത്തുക. സംസ്ഥാനത്തെ ഏറ്റവും കൗതുകകരവും ആകർഷകവുമായ നാടൻ കലാരൂപങ്ങളാണ് പൂരത്തിന്റെ സവിഷേത. പഞ്ചവാദ്യം, പാണ്ടിമേളം, പുലികളി ഇവയൊക്കെ ചിനക്കത്തൂർ പൂരത്തിന് ചാരുത നൽകുന്നു. നാനാ ജാതി മതസ്ഥരും പങ്കെടുക്കുന്ന ഉത്സവമാണ് ചിനക്കത്തൂർ പൂരം.

കൂടുതൽ വായിക്കുക

 Mannarkkad

നെന്മാറ വല്ലങ്ങി വേല

കേരളത്തിന്റെ നെല്ലറയും ഗ്രാമീണ ചിന്തകൾ കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് പാലക്കാട്. പാലക്കാടു ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴെയാണ് കുടകരനാട്. നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, തിരുവഴിയാട്, അയിലൂർ ദേശങ്ങൾ ചേരുന്ന കുടകരനാട്. പൂർവ നന്മകളെ എന്നും ആചരിക്കുന്ന നാടാണ് കുടകരനാട്. മലയാളമാസം മീനം ഒന്ന് മുതൽ ഇരുപത് വരെ നെന്മാറ-വല്ലങ്ങി ദേശക്കാർക്ക് ഉത്സവങ്ങളുടെ ദിനരാത്രങ്ങളാണ്.ദേശത്തിന്റെ ദേവതയായ നെല്ലികുളങ്ങര ഭഗവതിയെ വണങ്ങുന്ന വേലക്കാലം പൂരങ്ങളുടെ പൂരം എന്ന് തൃശൂർ പൂരത്തെ പറയുന്നത് പോലെ വേലകളുടെ വേലയാണ് നെന്മാറ വല്ലങ്ങി വേല. മീനമാസം ഒന്നാം തീയതിയോടെ ദേശക്കാരെല്ലാം വേല പെരുമയിൽ ഉണരും ലോകത്തിന്റെ ഏതു ഭാഗത്തു താമസിച്ചാലും നെന്മാറ ദേശക്കാർ നാട്ടിലെത്തും വേലയുടെ നിറവിൽ അവർ അവരെ തന്നെ അടയാളപ്പെടുത്തുകയാണ്.

കൂടുതൽ വായിക്കുക

 Mannarkkad

ദേശീയ ഉദ്ദ്യാനം സൈലന്റ് വാലി അഥവാ നിശബ്ദ താഴ്‌വരയുടെ കവാട നഗരമാണ് മണ്ണാർക്കാട്, സഹ്യ പർവതത്തിന്റെ മല മടക്കുകളിലൂടെ പ്രഭാത സവാരി ആഗ്രഹിക്കുന്നവരും സൈലന്റ് വാലിയും അട്ടപ്പാടി മല നിരകളിലെ കുന്നും മേടും താണ്ടി പ്രകൃതി രമണീയമായ നിരവധി കാഴ്ചകൾ ആസ്വദിക്കുവാനും വിദൂര ദേശങ്ങളിൽ നിന്ന് വരുന്നവർക്ക് ഒരു സത്രമാണ് മണ്ണാർക്കാട് നഗരം. കളകളാരവം മുഴക്കി സ്പടിക സമാനമായി ചില ഇടങ്ങളിൽ കുതിച്ചും മതിച്ചും മറ്റു ചില ഇടങ്ങളിൽ തഴുകി തലോടിയും ഒഴുകി വരുന്ന കുന്തിപ്പുഴയും, അട്ടപ്പാടി മല മടക്കുകളിലൂടെ വളഞ്ഞു പുളഞ്ഞു മണ്ണാർക്കാട് നഗരത്തിന്റെ അതിർ വരമ്പ് പോലെ ശാന്തമായി ഒഴുകുന്ന നെല്ലിപ്പുഴയും മണ്ണാർക്കാടിന്റെ പ്രകൃതി ഭംഗിക്ക് മാറ്റു കൂട്ടുന്ന പുഴകളാണ്. കാഞ്ഞിരപ്പുഴ ഉദ്യാനം, ശിരുവാണി ഡാം മീൻവല്ലം വെള്ളച്ചാട്ടം, തുടങ്ങി ഒട്ടേറെ ടൂറിസം സ്പോട്ടുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ടൂറിസ്റ്റുകൾക്ക് ഏറ്റവും അനുയോജ്യമായ പട്ടണമാണ് ഈ മണ്ണാർക്കാട്, മണ്ണാർക്കാടിനോട് ഏറെ അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലമ്പുഴ, ദോണി വെള്ളച്ചാട്ടം കോട്ട മൈതാനം തുടങ്ങിയ സ്പോട്ടുകളിലേക്ക് ഒട്ടേറെ സഞ്ചാരികൾ മണ്ണാർക്കാട് വഴി കടന്ന് പോവുന്നുണ്ട്, അത് കൊണ്ട് തന്നെ മണ്ണാർക്കാടിനെ നല്ലൊരു ടൂറിസ്റ്റ് ഫ്രണ്ട്‌ലി നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ വെബ്സൈറ്റ് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ നഗര സഭ ചെയ്തു വരുന്നത്, ഈ ഭരണ സമിതിയുടെ ദീർഘ വീക്ഷണത്തോടെയുള്ള നിരവധി പദ്ധതികളാണ് നഗരസഭ അതിനായി ആസൂത്രണം ചെയ്തു വരുന്നത്. നമ്മുടെ നാട്ടിലേക്ക് വരുന്നവർക്ക് വേണ്ട എല്ലാ ആദിത്യ മര്യാദകളും നൽകി കൊണ്ട് തന്നെ അവരെ വീണ്ടും വീണ്ടും ഇവിടേക്ക് ആകർഷിപ്പിക്കുന്ന തരത്തിലുള്ള സൗകര്യങ്ങൾക്കും സേവനങ്ങൾക്കും ഊന്നൽ നൽകി കൊണ്ടാണ് പദ്ധതികൾ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മുടെ പൈതൃകത്തിനും പ്രകൃതിക്കും ഒട്ടും മങ്ങൽ ഏൽക്കാതെ തന്നെ നമുക്ക് അവരെ സ്വാഗതം ചെയ്യാം, അതിലൂടെ നാടിന്റെ പുരോഗതിയും പ്രസിദ്ധിയും ഉയർത്താൻ നമുക്ക് കഴിയും.

മണ്ണാർക്കാട് നഗരസഭ
വാർത്തകളും ചിത്രങ്ങളും

മണ്ണാർക്കാട് നഗരസഭയുടെ വാർത്തകളും ചിത്രങ്ങളും ഇനി വിരൽ തുമ്പിൽ